ബയ്യാ...ഹിന്ദി മാലൂം നഹീ......
Dedicated to all my beloved Hindi Teachers
ചാര്‍ളി പോലെയുള്ള സിനിമകള്‍ കണ്ട് ഇറങ്ങുമ്പോഴൊക്കെ വിചാരിക്കും ജീവിതം കുറച്ചു കൂടി തഗ് ആക്കണം എന്ന്......എവിടെ നടക്കാന്‍.....ഒരു ശരാശരി മലയാളിയുടെ അതേ പ്രശ്നങ്ങള്‍.എന്നാലും ഇതൊക്കെ വേറെ രീതിയില്‍ സ്വാധീനിക്കാറുണ്ട്.എഞ്ചിനീയറിങ് ഒക്കെ ചെയ്ത് തുടങ്ങിയപ്പോ പഴയത് എന്തൊക്കെയോ നഷ്ടപ്പെടുന്നതു പോലെ (ബുദ്ധിജീവി സ്റ്റൈലില്‍ പറഞ്ഞാല്‍ ഗൃഹാതുര |ഓര്‍മകളുടെ വേട്ടയാടല്‍). ഇങ്ങനെയൊക്കെ ആലോചിച്ച് ഇരിക്കുമ്പോള്‍ കുറേ വിപ്ലവ ആശയങ്ങള്‍ മനസ്സില്‍ വരും.ഒരു പുസ്തകം തന്നെ എഴുതി അങ്ങ് പബ്ലിഷ് ചെയ്താലോ.....പക്ഷേ എന്തിനെ കുറിച്ച് എഴുതും......അല്ലേല്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങി ഫ്രീ മോട്ടിവേഷന്‍ കൊടുത്തേക്കാം......അപ്പോഴാ അറിഞ്ഞത് മോട്ടിവേഷന്‍ കേരളത്തില്‍ നിറഞ്ഞ് കവിയാണെന്ന്.....ഒന്നും വേണ്ട ഒരു ബ്ലോഗ് എങ്കിലും തുടങ്ങാം എന്ന് കരുതി ആവേശത്തില്‍ ബ്ലോഗ് ഒക്കെ തുടങ്ങി. പണ്ട് ഏഴാം ക്ലാസില്‍ വെച്ച് കമ്പ്യൂട്ടര്‍ ടീച്ചര്‍ മലയാളം ടൈപ്പിങ് പഠിപ്പിച്ചപ്പോള്‍ എങ്ങനെയോ പഠിച്ചത് ഉപകാരമായി (ഈ ഒരു ആവേശത്തിലാണ് ഹൈസ്കൂളില്‍ ടൈപ്പിങ് മത്സരത്തില്‍ കയറി എട്ട് നിലയില്‍ പൊട്ടിയത്).ബ്ലോഗ് തുടങ്ങല്‍ ഒക്കെ വളരെ എളുപ്പമായിരുന്നു,പക്ഷേ എന്ത് എഴുതും.ആഗോളതാപനവും ഉപയകക്ഷി ചര്‍ച്ചകളുമൊക്കെ ഔട്ട് ഓഫ് ഫാഷന്‍ ആകുന്ന ഈ കാലത്ത് സൂക്ഷിച്ചും കണ്ടും എഴുതിയില്ലേല്‍ ട്രോളന്‍മാര്‍ എടുത്തിട്ട് അമ്മാനമാടും. അപ്പോ പിന്നെ എന്ത് ചെയ്യും എന്ന് ചിന്തിച്ച് കുറേ കാലം വീണ്ടും പോയി.മനസ്സില്‍ വീണ്ടും വിപ്ലവം കയറിയപ്പോള്‍ വീണ്ടും ബ്ലോഗില്‍ കയറി.അങ്ങനെയാണ് ഇത് എഴുതുന്നത്.അല്ലെങ്കില്‍ തന്നെ നമ്മളെന്തിനാ ഇത്രയും ഗൗരവമായി ചിന്തിക്കുന്നത്.ലോകപ്രതിഭാസങ്ങള്‍ ചര്‍ച്ച ചെയ്യാനൊക്കെ ഇഷ്ടം പോലെ ആള്‍കാര്‍ ഉള്ളത് കൊണ്ട് നമുക്ക് നമ്മുടെ കഥ മാത്രം പറഞ്ഞാല്‍ മതിയല്ലോ.ജീവിതം ആവുമ്പോ കഥാപാത്രങ്ങളും യഥാര്‍ഥമാവും...അപ്പോഴല്ലേ ഒരു ഇത് ഒള്ളൂ.അതിനാല്‍ ഇതിലെ കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമാണെന്ന് പറഞ്ഞ് തടി ഊരുന്നില്ലാ.....
ഇത് ഇപ്പോ എഴുതുന്നത് മഹാരാഷ്ട്രയിലെ വല്ലഭ്നഗറില്‍ നിന്നാണ്. ഇവിടെ മറാഠി അല്ലേല്‍ ഹിന്ദി മാത്രമേ ആള്‍ക്കാര്‍ക്ക് അറിയൂ. അങ്ങനെ നിലനില്‍പിന്‍റെ പേരില്‍ കുറച്ച് ഹിന്ദി പഠിക്കാനായി. യു.പി സ്കൂളില്‍ പുഷ്പ ടീച്ചര്‍ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഹിന്ദി അക്ഷരമാല പഠിക്കാത്ത ഞാനാണല്ലോ ഇതെന്ന് ആലോചിക്കുമ്പോള്‍ എനിക്ക് തന്നെ ചിരി വരാറുണ്ട്. പഠിപ്പിക്കുന്ന കാലത്ത് ടീച്ചറ്‍ ഇത്തിരി കണിശമായിരുന്നു. ടീച്ചറെയൊക്കെ കണ്ടപ്പോഴാണ് ഈ വരച്ച വര എന്നത് കൊണ്ടൊക്കെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായത്.എന്നാല്‍ ജീവിതത്തില്‍ ഒരു അംഗീകാരം കിട്ടി നില്‍ക്കുന്ന സമയത്ത് അപ്രതീക്ഷമായി വന്ന ടീച്ചറുടെ ഫോണ്‍ കോള്‍ മനസ്സിലുണ്ടായിരുന്ന എന്തിനെയൊക്കെയോ പൊളിച്ചെഴുതി. എന്‍റെ ഹിന്ദി അധ്യാപകരെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കിടലമായിരുന്നു (പഠിക്കാന്‍ പാടു പെട്ട വിഷയങ്ങളില്‍ ഒന്നായിരുന്നു ഇതെന്ന് മറച്ചു വെക്കുന്നില്ലാ...). എട്ടാം ക്ലാസിലെ രാജന്‍ മാഷിന്‍റെ ത്രി-വൃത്ത പ്രയോഗം അന്ന് ഉണ്ടായിരുന്നതില്‍ വെച്ച് ഏറ്റവും നൂതനമായ ശിക്ഷാരീതികളില്‍ ഒന്നായിരുന്നു. ബോര്‍ഡില്‍ വരക്കുന്ന 3 വൃത്തങ്ങള്‍, രണ്ടെണ്ണം കൈകള്‍ വെക്കാനും ഒരെണ്ണം മൂക്ക് വെക്കാനും. അതായിരുന്നു അതിന്‍റെ ഒരു ടെക്നിക്. ഈയിടക്ക് സാറിനെ കണ്ടപ്പോള്‍ ഒരു ലിഫ്റ്റ് കൊടുത്തു. സാറ് മുന്നിലിരുന്നു,ഞാന്‍ ഡ്രൈവിംഗ് സീറ്റിലും.സ്റ്റിയറിങ് കണ്ടപ്പോള്‍ പെട്ടെന്ന് പഴയ ആ വട്ടങ്ങള്‍ ഓര്‍മ വന്നു. ആര്‍ത്തിരമ്പി വന്ന ചിരി മനസ്സില്‍ തന്നെ ഒതുക്കി ഞാന്‍ ഡീസന്‍റ് ആയി.എന്തായാലും സാറിനെ പോലെ സാറിനെ പറ്റൂ..... ഒമ്പതാം ക്ലാസിലെ സക്കീന ടീച്ചറുടെ വീട് എന്‍റെ വീടിന്‍റ അടുത്തായത് കൊണ്ട് ടീച്ചറുടെ വീട്ടില്‍ വെച്ച് ഹിന്ദി പഠിപ്പിക്കാന്‍ ഒരു ശ്രമം നടന്നെങ്കിലും ടീച്ചറുടെ ഉമ്മ ഉണ്ടാക്കുന്ന പലഹാരത്തിന്‍റ മണവും രുചിയും മാത്രമേ ഇപ്പോ ഓര്‍മയൊള്ളൂ. പത്താം ക്ലാസിലെ സരസ്വതി ടീച്ചറുടെ വാത്സല്യം കണ്ടാല്‍ മാത്രം മതി ആരും ഹിന്ദി പഠിക്കും. ടീച്ചര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സമയത്ത് ഞങ്ങള്‍ വെച്ച ഒത്തുകൂടലില്‍ രണ്ട് പേര്‍ ഒഴിച്ച് ബാക്കി എല്ലാരും എത്തിയെങ്കില്‍ അത് ആ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ്.
അപ്പോ പറഞ്ഞു വന്നത് ഒരു ചെറിയ ഹിന്ദി ഗാഥയാണ്.എന്തായാലും ഇപ്പൊ ഹിന്ദി ദോടാ ദോടാ ആയേഗാ.........
Comments
Post a Comment